കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറി. മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം കയറിയത്.സ്ഥാപനം ആരംഭിച്ച് അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിന് അകത്തേക്ക് വെള്ളം കയറിയതെന്ന് ജീവനക്കാർ പറയുന്നു. കേന്ദ്രത്തിന്റെ താഴത്തെ നില പൂർണമായും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇതേത്തുടർന്ന് താഴത്തെ വാർഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടൻതന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.
ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാർഡുകള്‍, സ്ത്രീകളുടെ ഐസിയു, അടിയന്തര ശസ്ത്രക്രിയ മുറി എന്നിവ പ്രവർത്തിക്കുന്നത് താഴത്തെ നിലയിലാണ്. ഇവിടെ മുഴുവനായും വെള്ളം കയറി. മൂന്ന് മോട്ടോർസെറ്റുകള്‍ എത്തിച്ചാണ് വെള്ളം പമ്പ് ചെയ്ത് കളഞ്ഞത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളും മറ്റ് ജീവനക്കാരും ചേർന്ന് രാത്രി വൈകിയും തുടർന്നു.പീഡിയാട്രിക് ഐസിയുവില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. ഒട്ടേറെ ഉപകരണങ്ങള്‍ സ്ഥാപിച്ച ഈ മുറിയിലെ വെള്ളം മാറ്റാൻ ഏറെ സമയം വേണ്ടിവന്നു. ഐസോലേഷൻ വാർഡുകളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെയുണ്ടായിരുന്ന കുട്ടികളെയും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവന്നു.