കൊച്ചി : തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെയും നേഴ്സിംഗ് വിദ്യാർത്ഥിനിയേയും പൊലീസ് പിടികൂടി.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നേഴ്സിംഗ് വിദ്യാർത്ഥിനിയുമായ വര്‍ഷ എന്നിവരാണ് പിടിയിലായത്.നിർത്താതെപോയ വാഹനം പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് രണ്ടുപേരെയും ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ പൊലീസിന്‍റെ സ്ഥിരം വാഹന പരിശോധനക്കിടെയാണ് സംഭവം. മൂന്നംഗ സംഘം യാത്ര ചെയ്ത കാർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരിഭ്രാന്തരായി കാർ മുന്നോട്ടെടുത്തതോടെ ഹില്‍പാലസ് പൊലീസ് പിന്തുടർന്നു. ഇരുമ്പനത്ത് കാർ നിർത്തി മൂന്ന് പേർ ഓടാൻ ശ്രമിച്ചു. പൊലീസെത്തിയതോടെ ഏറ്റുമാനൂർ സ്വദേശി അമീർ മജീദിനെയും ചങ്ങനാശ്ശേരി പെരുന്ന സ്വദേശിവർഷയെയും പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.