220 അധ്യയന ദിനങ്ങൾ വീഴ്ചകൾ മറയ്ക്കാൻ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ മന: പൂർവം അസ്വസ്ഥത സൃഷ്ടിക്കുന്നു

തിരുവനന്തപുരം – വീഴ്ചകൾ മറയ്ക്കാൻ 220 അധ്യയന ദിവസങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ മേഖലയിൽ മന:പൂർവം അസ്വസ്ഥത സൃഷ്ടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തെ അവഗണിച്ച് ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയതിനെതിരെ എൻ ടി യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാം സെറ്റാക്കി എന്നായിരുന്നു ഈ അധ്യയന വർഷാരംഭത്തിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ അവകാശവാദം. സർക്കാർ സ്കൂളിൽ മാത്രം ആറായിരത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ അവകാശവാദം. എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകർ വേറെയും. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക സ്ഥലം മാറ്റം സൃഷ്ടിച്ച സങ്കീർണ്ണതകൾ സമാനതകളില്ലാത്തതാണ്. കഴിഞ്ഞ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയത്തിൻ്റെ പ്രതിഫലം നൽകാൻ ഇനിയും ബാക്കി നിൽക്കുന്നു. എൽ എസ് എസ് / യു എസ് എസ് സ്കോളർഷിപ്പ് അഞ്ച് വർഷമായി കുടിശികയാണ്. എൻ സി സി കേഡറ്റുകൾക്ക് ഭക്ഷണം നൽകിയ ഇനത്തിൽ അധ്യാപകർക്ക് നൽകാനുള്ളത് കോടികൾ. യൂണിഫോം വിതരണം താറുമാറായിരിക്കുന്നു. 2016 ൽ പ്രാബല്യത്തിൽ വന്ന ഉച്ചഭക്ഷണത്തുക കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന നിരന്തര ആവശ്യം പരിഗണിച്ച് ഇപ്പോൾ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികൾക്ക് കേവലം 17 പൈസ മാത്രം വർദ്ധിപ്പിപ്പിക്കുകയും ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾക്ക് കിട്ടിക്കൊണ്ടിരുന്നതിൽ രണ്ട് രൂപ വീതം വെട്ടിക്കുറയ്ക്കുകയുമാണ് സർക്കാർ ചെയ്തത്. ഇത്തരത്തിൽ സങ്കീർണ്ണമായ ഒരു സാഹചര്യത്തിലാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നത്. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിക്കാനും രക്ഷപെടാനുമാണ് ഏക പക്ഷീയമായി 220 അധ്യയന ദിനങ്ങൾ അടിച്ചേല്പിച്ചിരിക്കുന്നത് എന്ന് വേണം കരുതാൻ. മൂവാറ്റുപുഴ നെല്ലാട് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജരും പി ടി എ യും ഹൈക്കോടതിയിൽ നൽകിയ കേസ് മറയാക്കുകയാണ്. കോടതി വിധികളോട് ഈ സർക്കാരും മുന്നണിയും സ്വീകരിക്കുന്ന സമീപനങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പ്രൈമറി പ്രഥമാധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ടെസ്റ്റ് യോഗ്യത വേണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ മറികടക്കാൻ എത്ര നിയമപോരാട്ടമാണ് ഈ സർക്കാർ നടത്തിയത്. ഹൈസ്ക്കൂൾ ഇംഗ്ളീഷ് അധ്യാപക നിയമനക്കാര്യത്തിലും ലൈബ്രേറിയന്മാരുടെ നിയമനക്കാര്യത്തിലുമൊക്കെ കോടതി വിധികൾ മടക്കി അട്ടത്ത് വെച്ചിരിക്കുകയാണ്.

220 അധ്യയന ദിവസങ്ങൾ വേണമെന്ന കെ ഇ ആർ ചട്ടങ്ങൾ ഉദ്ധരിച്ചാണ് കോടതി വിധിയെങ്കിൽ അതേ കെ ഇ ആർ പ്രകാരമാണ് ഇക്കാലമത്രയും സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നത്. കുട്ടികളുടെ സമഗ്ര വികാസമാണ് വിദ്യാഭ്യാസമെങ്കിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളും പoനത്തിൻ്റെ ഭാഗമാണ്. മേളകൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഇപ്പോൾ തന്നെ ധാരാളം ശനിയാഴ്ചകളിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2009 ൽ പാർലമെൻ്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എൽ പി ക്ലാസുകൾക്ക് 800 അധ്യയന മണിക്കൂറുകളും അപ്പർ പ്രൈമറി വിഭാഗത്തിന് ആയിരം അധ്യയന മണിക്കൂറുകളുമാണ് നിഷ്കർഷിക്കുന്നത്. ഈ നിയമത്തെയും അവഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ ആറ് ദിവസത്തെ ക്ലാസ് റൂം പഠനം ഉണ്ടാക്കാവുന്ന മാനസിക പ്രശ്‌നങ്ങളെയും വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചിട്ടില്ല. അഞ്ച് ക്ലസ്റ്റർ പരിശീലനങ്ങൾക്കായി കുട്ടികൾക്ക് അവധി നൽകി അധ്യാപകർ പോകുമ്പോൾ കോടതി വിധി പാലിക്കാൻ കഴിയില്ല. ഇത് എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കാത്തിടത്തോളം കോടതി വിധിയോടുള്ള ബാധ്യതയല്ല; മറിച്ച്, സർക്കാരിന് മറ്റാരോടോ ഉള്ള വിധേയത്വമാണ് പ്രകടമാകുന്നത്. മുസ്ലീം കലണ്ടർ പ്രകാരമുള്ള വിദ്യാലയങ്ങളിൽ 220 അധ്യയന ദിവസങ്ങൾ തികയ്ക്കാൻ വെള്ളിയാഴ്ചകൾ പ്രവൃത്തിദിനമാക്കുമോയെന്നും പി എസ് ഗോപകുമാർ ചോദിച്ചു.

എൻ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സ്മിത അധ്യക്ഷയായിരുന്നു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി ഐ അജയകുമാർ, എൻ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ആർ ജിഗി, കെ പ്രഭാകരൻ നായർ, എം.ടി സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറി കെ വി ബിന്ദു, സംസ്ഥാന വനിതാ കൺവീനർ പി ശ്രീദേവി, പി എസ് സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡണ്ട് ആർ ഹരികൃഷ്ണൻ, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എം കെ ദിലീപ് കുമാർ, ഫെറ്റോ സംസ്ഥാന ട്രഷറർ സി കെ ജയപ്രസാദ്, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ് അരുൺകുമാർ, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ബി എസ് ഭദ്രകുമാർ, സെക്രട്ടറി കെ കെ രാജേഷ് കുമാർ, പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു, മേഖലാ സെക്രട്ടറിമാരായ എ വി ഹരീഷ്, ജെ ഹരീഷ് കുമാർ, മീഡിയാ കൺവീനർ സതീഷ് പ്രിസം, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വി സി അഖിലേഷ്, സെക്രട്ടറി ഇ അജികുമാർ മുതലായവർ സംസാരിച്ചു. എൻ ടി യു ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ സ്വാഗതവും ട്രഷറർ കെ കെ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × five =