ആലപ്പുഴ: കാക്കകള്‍ക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായാണു പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.അതേസമയം കാക്കകളിലെ പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതായാണ് റിപ്പോർട്ട്. തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി.
മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ കണ്ടെത്തിയ കൊക്കിലുമാണു പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്തില്‍ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗംസ്ഥിരീകരിച്ചത്. മണ്ണഞ്ചേരി, മാരാരിക്കുളം, സൗത്ത്, ചേർത്തല സൗത്ത്, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളില്‍ കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.