മലപ്പുറം: 12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. തിരൂർ എക്‌സൈസ് സർക്കിള്‍ ഓഫിസും എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും തിരൂർ എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.ബംഗാള്‍ സ്വദേശികളായ പാറുല്‍ ബീവി (38), അർജുന ബീവി (44), തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ സംഭവം. തിരൂർ റെയില്‍വേ സ്റ്റേഷൻ സിറ്റി ജങ്ഷൻ റോഡില്‍വെച്ചാണ് കഞ്ചാവുമായി പ്രതികള്‍ വലയിലായത്.എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കഞ്ചാവ് കടത്തുകയായിരുന്ന കെ എല്‍ 10 എ ഇ 6026 നമ്ബർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബിയിലെ കണ്ണികളാണ് അറസ്റ്റിലായ പാറുല്‍ ബീവിയും അർജുന ബീവിയുമെന്ന് തിരൂർ എക്‌സൈസ് സർക്കിള്‍ ഇൻസ്പെക്ടർ അജയൻ പറഞ്ഞു.
ആവശ്യക്കാരെ കണ്ടെത്തുന്നതും ചില്ലറക്കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നതും പണം മുടക്കുന്നതും അറസ്റ്റിലായ റഫീഖാണ്. കഞ്ചാവ് കടത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.