പുതുക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനിയര്‍ വിജിലന്‍സിന്‍റെ പിടിയിലായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ആന്‍റണി വട്ടോലിയാണ് കരാറുകാരനില്‍നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
അളഗപ്പനഗര്‍ പഞ്ചായത്തിലെ കാനനിര്‍മാണവുമായി ബന്ധപ്പെട്ടാണു കൈക്കൂലി വാങ്ങിയത്. ശെല്‍വരാജ് എന്ന കരാറുകാരനാണ് പരാതിക്കാരന്‍. കാനനിര്‍മാണത്തിന്‍റെ ബില്‍തുകയായ മൂന്നേകാല്‍ ലക്ഷം രൂപയുടെ രണ്ടു ശതമാനമാണു കൈക്കൂലി ആവശ്യപ്പെട്ടത്.
വിവരം കരാറുകാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിനല്‍കിയ നോട്ടുമായെത്തിയ കരാറുകാരന്‍ ഓഫീസിനു പുറത്തുവച്ച് ആന്‍റണിക്കു കൈമാറി. പുറത്തേക്കിറങ്ങിയ ആന്‍റണിയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു.