തൃശൂർ: ഒല്ലൂരില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുവേട്ട. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കോവപുരം സ്വദേശി മുള്ളന്‍റകത്ത് വീട്ടില്‍ ഫാസില്‍ (36) അറസ്റ്റിലായി.ഒല്ലൂർ എസ്‌ഐ കെ.സി. ബൈജുവിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പിആർപടിയില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിയ മയക്കുമരുന്ന് ഒല്ലൂർ പോലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്. കാറില്‍ ഗുളികയുടെ രൂപത്തിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 20 ഗ്രാമിലധികം തൂക്കംവരുന്ന എംഡിഎംഎയാണ് ഇതിലുണ്ടായിരുന്നത്. തുടർന്നു പ്രതി വാടകയ്ക്കു താമസിച്ചിരുന്ന ആലുവയിലെ ഫ്ളാറ്റില്‍ എത്തിച്ചുനടത്തിയ പരിശോധനയില്‍ 1943 ഗ്രാം തൂക്കം വരുന്ന ഗുളികരൂപത്തിലുള്ളതും 450 ഗ്രാമോളം തൂക്കംവരുന്ന പൊടിരൂപത്തിലുള്ളതുമായ എംഡിഎംഎയും പിടി കൂടി. ആകെ രണ്ടു കിലോ 400 ഗ്രാം തൂക്കംവരുന്ന എംഡിഎംഎയാണ് പിടികൂടിയത്.