കൊച്ചി : സാമ്പത്തിക തട്ടിപ്പുകേസില്‍ തൃശൂരിലെ ഹൈ റിച്ച് എംഡി കെ.ഡി. പ്രതാപിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച അന്വേഷണത്തിനും ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിനുമൊടുവിലാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കലൂരിലെ കോടതിയില്‍ ഹാജരാക്കും. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‍റെയും ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന്‍റെയും പേരില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണു കേസ്. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണു ഹൈ റിച്ച് നടത്തിയതെന്ന് ഇഡി വ്യക്തമാക്കി.
55 ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും കെട്ടിടങ്ങളുമുള്‍പ്പെടെ 200 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. പ്രതാപന്‍റെ ഭാര്യയും സിഇഒയുമായ ശ്രീന പ്രതാപനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.