പഞ്ചാബ് ശിവസേന നേതാവിനെതിരെ പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍വെച്ച് വധശ്രമം. ആക്രമണത്തില്‍ പഞ്ചാബ് ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റ നേതാവിനെ ലുഥിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തില്‍പ്പെട്ടവരാണ് വടിവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലുഥിയാനയിലെ തിരക്കേറിയ ഒരു തെരുവിന് നടുവിലാണ് ആക്രമണം ഉണ്ടായത്. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമകാരികള്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ഥാപ്പറിന് ഗണ്‍മാനെ നല്‍കിയിരുന്നു. എന്നാല്‍ നിഹാംഗുകള്‍ ആക്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഓടി രക്ഷപ്പെട്ടു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ നേതാവിന്റെ അരികിലേക്ക് അക്രമികള്‍ എത്തുന്നതും അവര്‍ എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.