ന്യൂജഴ്‌സി: ലോക ഫുട്‌ബോളിലെ മിശിഹായ ലയണല്‍ മെസ്സി കരിയറില്‍ മറ്റൊരു പൊന്‍തൂവലിനരികെ. കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കപ്പിന് കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് അര്‍ജന്റീന. ആദ്യ സെമിയില്‍ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമുകളിലൊന്നായി മാറിയ കാനഡയെയാണ് അവര്‍ തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു അര്‍ജന്റീന എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു. ഇരുപകുതികളിലുമായി ജൂലിയന്‍ അല്‍വാരസ് (22ാം മിനിറ്റ്), മെസ്സി (51) എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
തുടര്‍ന്നും അര്‍ജന്റീന തന്നെയാണ് കളി നിയന്ത്രിച്ചത്. 22ാം മിനിറ്റില്‍ അല്‍വാരസിലൂടെ അവര്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. ഡി പോള്‍ നല്‍കിയ പാസില്‍ നിന്നാണ് താരം വലകുലുക്കിയത്. കാനഡ പ്രതിരോധം തകര്‍ത്ത് ഡി പോള്‍ നല്‍കിയ പാസ് അല്‍വാരസ് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സമനില ഗോളിനായി കാനഡ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഇവയൊന്നും അര്‍ജന്റീനയ്ക്കു വെല്ലുവിളിയുയര്‍ത്തിയില്ല.
രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. ബോക്സിന്റെ എഡ്ജില്‍വെച്ച് മധ്യനിര താരം എൻസോ ഫെർണാണ്ടസ് പിറകിലേക്ക് നല്‍കിയ പാസ് കനേഡിയൻ താരത്തിന്റെ കാലിലെത്തി. ബോക്സിന് പുറത്തുകടത്താൻ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അർജന്റീനാ താരത്തിന്റെ കാലിലെത്തി. ബോക്സ് ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. മെസ്സി ഓഫ്സൈഡാണെന്ന് വാദിച്ച് കനേഡിയൻ താരങ്ങള്‍ പ്രതിഷേധമുയർത്തിയതോടെ വാർ ചെക്കിങ് നടത്തി. പരിശോധനയ്ക്കൊടുവില്‍ ഗോള്‍ സാധുവായി. കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോള്‍ (2-0).