തിരുവനന്തപുരം: രാജ്യത്തെ ടെലികോം നെറ്റ് വർക്കിങ് ഉൽപ്പന്ന മേഖലയിലെ പ്രമുഖ നിർമ്മാതാക്കളായ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്ട്രോം ടെക്നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക് നിർമ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു. കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതൽ മുടക്കിൽ നിർമ്മിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മ നിർഭര് ഭാരതത്തിൻ്റെ ഭാഗമായി ആരംഭിച്ച നിർമ്മാണ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം ടെസോൾവ്സ്ഥാപകനും ടാറ്റ ഇലക്ട്രോണിക്സിൻ്റെ (OSAT യൂണിറ്റ്) മുൻ സിഇഒയുമായ പി. രാജമാണിക്യം കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് ഇൻഡസ്ട്രിയല് ഡയറക്ടർ ഹരികിഷോർ എന്നിവർ ചേർന്നു നിർവഹിച്ചു. അത്യാധുനികവും നൂതനവുമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വ്യവസായ മേഖലയുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള നിലവാരമേറിയ ടെലികോം നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലാണ് സിസ്ട്രോം ടെക്നോളജീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഫാക്ടറി യാഥാർത്ഥ്യമായതോടെ അടുത്ത മൂന്ന് വർഷത്തിനുളളിൽ 1000 കോടിയിലധികം വിപണി വിഹിതം കൈവരിക്കുകയാണ് കമ്പനി ലക്ഷ്യം. അത്യാധുനിക ടെലികോം നെറ്റ് വർക്കിങ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രം തലസ്ഥാനത്ത് തുറന്നതോടെ കേരളം രാജ്യത്തിൻ്റെ ഹൈടെക് ഭൂപടത്തിൽ ഇടം പിടിക്കുമെന്ന് എം.ഡി. അനിൽ രാജ് പറഞ്ഞു. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും വ്യവസായ മേഖലയിലെ കുതിച്ചുചാട്ടത്തിനും സിസ്ട്രോമിൻ്റെ ഈ ചുവട്‌വെയ്‌പ്പ് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ ഉത്പാദനം നാലിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കു വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.