തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോഹന്‍ദാസാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മെയ് 13 നാണ് മോഹന്‍ദാസ് ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും ചിത്രം ആലേഖനം ചെയ്ത ലോക്കറ്റ് വാങ്ങിയത്. രണ്ട് ഗ്രാം തൂക്കം വരുന്ന ലോക്കറ്റിനായി 14,200 രൂപയാണ് ഇദ്ദേഹം ദേവസ്വത്തിലേക്ക് അടച്ചത്. പണയം വെയ്ക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. പിന്നീട് ജ്വല്ലറിയില്‍ നടത്തിയ പരിശോധനയിലും സ്വര്‍ണമല്ലെന്ന് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്കും പൊലീസിലും മോഹന്‍ദാസ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദേവസ്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം. കഴിഞ്ഞ കുറേക്കാലമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഭഗവാന്റെ ചിത്രമുളള സ്വര്‍ണം, വെള്ളി ലോക്കറ്റ് നല്‍കിവരുന്നുണ്ട്. ഭക്തര്‍ ഇത്തരം ഒരു ലോക്കറ്റ് വാങ്ങുന്നത് പുണ്യമായാണ് കരുതുന്നത്.