തിരുവല്ല :എംസി റോഡിനെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ – മനയ്ക്കച്ചിറ, തിരുമൂലപുരം – കറ്റോട് റോഡിലെയും, പ്രാവിൻകൂട് – തൈമറവും കര റോഡിലെയും റെയിൽവേ അടിപ്പാതകളിലെ യാത്രാദുരിതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണുവാൻ റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനീയർ ഹിമാൻഷൂ ഗോസാമി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
തിരുമൂലപുരം റെയിൽവേ അടിപ്പാതയിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ടണൽ മാതൃകയിൽ വെള്ളം കയറാത്ത സംവിധാനം ഏർപ്പെടുത്തുവാനും, കുറ്റൂർ അടിപ്പാതയിൽ നിലവിൽ ചെറിയ വാഹനം കടന്നു പോകുന്ന റോഡിന്റെ വീതി വലിയ കാറുകൾക്ക് ഉൾപ്പെടെ കടന്നുപോകാവുന്ന തരത്തിൽ കൂട്ടുവാനും, തൈമറവുംകര അടിപ്പാതയിൽ ഫുട്പാത്തിന്റെ ഉയരം കൂട്ടി ഇരു റോഡുകളിലും മുട്ടിക്കാനും ചീഫ് എൻജിനീയർ നിർദ്ദേശം നൽകി.
അടിപ്പാതയിലെ വെള്ളക്കെട്ടിന് സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്ത് എത്തിയതിന്റെ ഫലമായിട്ടാണ് ചീഫ് എൻജിനീയറുടെ അടിപ്പാത സന്ദർശനം.
ചീഫ് എൻജിനീയറോടൊപ്പം സീനിയർ സെക്ഷൻ എൻജിനീയർ കോട്ടയം അനഘ, മുൻസിപ്പൽ കൗൺസിലർ ലെജൂ സ്കറിയ, വി ആർ രാജേഷ്, ഷിബു ഫിലിപ്പ്, സോജ കാർഡോസ്, സൺമോൻ ചുങ്കത്തിൽ, ഗിരീഷ് കുമാർ, ഷൈനി, തമ്പി, ജോയ് എന്നിവരും ഉണ്ടായിരുന്നു.
ഫോട്ടോ ക്യാപ്ഷൻ- റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ദുരിതം കാണുന്നതിന്റ് ഭാഗമായി റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനീയർ ഹുമാന്‍ഷൂ ഗോസാമി തിരുമൂലപുരം റെയിൽവേ അടിപ്പാത സന്ദർശിക്കുന്നു.