കിളിമാനൂർ: സ്കൂള്‍ കുട്ടികളുമായി വന്ന ബസ് പൈപ്പ് ലൈനിന് കുഴിച്ച കുഴിയില്‍ വീണ് ചരിഞ്ഞു. ഐരുമൂല ക്ഷേത്ര റോഡില്‍ ഇന്നലെയായിരുന്നു അപകടം.18ഓളം വിദ്യാർത്ഥികള്‍ സംഭവസമയം ബസിലുണ്ടായിരുന്നു.കുഴിയില്‍ വീണ് മറിഞ്ഞെങ്കിലും ബസ് അതിരില്‍ തട്ടി നിന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.ആർക്കും പരിക്കില്ല.കിളിമാനൂർ ടൗണ്‍ യു.പി.എസിലെ സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും കുഴി ശരിയായി മണ്ണിട്ട് മൂടി ഉറപ്പിക്കാത്തതിനാലാണ് അപകടമുണ്ടായത്.
ഇവിടെ അപകടങ്ങള്‍ പതിവായതിനെ തുടർന്ന് കുഴി മൂടി മണ്ണിട്ട് ഉറപ്പിച്ച് അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ കിളിമാനൂർ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ട് ദിവസങ്ങളായെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ നാട്ടുകാർ കുഴിയില്‍ വാഴ വച്ച് പ്രതിഷേധിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ നിരവധി റോഡുകള്‍ ഇത്തരത്തില്‍ വെട്ടിക്കുഴിച്ച് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ടെങ്കിലും അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.