മലപ്പുറം: സീനിയർ വിദ്യാർത്ഥികള്‍ ജൂനിയർ വിദ്യാർത്ഥിയെ രാഗ് ചെയ്തു ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലന്ന് ആരോപണം.ഈ മാസം 18നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്. കിഴിശ്ശേരി മുണ്ടംപറമ്ബിലെ റീജനല്‍ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ് നിഹാല്‍ (20) എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികള്‍ തന്നെയാണ് നിഹാലിനെ മർദിച്ചത്.വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികള്‍ മുണ്ടംപ്പറമ്ബ് അങ്ങാടിയില്‍ വെച്ച് തടഞ്ഞ് വെക്കുകയും ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. മർദ്ദനത്തില്‍ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നുകള്‍ ഇട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ തുടർ നടപടികള്‍ സാധ്യമാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.