ഷാർജ: മാർബ്ള്‍ സ്ലാബുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹഷീഷ് ഓയില്‍ ഉള്‍പ്പെടെ 226 കിലോ മയക്കുമരുന്നുകള്‍ ഷാർജ പൊലീസ് പിടികൂടി.വിദേശത്തുനിന്ന് കണ്ടെയ്നർ വഴി യു.എ.ഇയിലേക്ക് കടത്താനായിരുന്നു പദ്ധതി.രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഷാർജയിലെ ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷൻ വിഭാഗം ‘ഓപറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോണ്‍’ എന്ന പേരിട്ട ദൗത്യത്തിലൂടെ ക്രിമിനല്‍ സംഘത്തെ നിരീക്ഷിക്കുകയും തന്ത്രപൂർവം പിടികൂടുകയുമായിരുന്നു.
സംഭവത്തില്‍ മൂന്നംഗ ക്രിമിനല്‍ സംഘം അറസ്റ്റിലായതായി ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറല്‍ അബ്ദുല്ല മുബാറക് ബിൻ അമർ പറഞ്ഞു. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.വിദേശത്തു നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു. ഹഷീഷ് ഓയില്‍ കൂടാതെ മാനസിക സമ്മർദം കുറക്കാനുള്ള ഗുളികകള്‍, മയക്കുമരുന്നുകള്‍ എന്നിവയാണ് പൊതികളിലാക്കി മാള്‍ബ്ള്‍ പാളികള്‍ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത്.
പ്രതികള്‍ക്ക് ദേശീയ, അന്തർദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരമ്പരാഗതമല്ലാത്ത രീതികളാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ ഉപയോഗിക്കുന്നത്.