ആലപ്പുഴ: ചേർത്തല തകഴിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡില്‍. യുവതി പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും.കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരില്‍ യുവതിയെയും സുഹൃത്ത് തോമസ് ജോസഫിനെയുമാണ് റിമാൻഡ് ചെയ്തതത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തത്.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫ് കസ്റ്റഡിയിലുണ്ട്.അതേസമയം കുഞ്ഞിൻ്റ പോസ്റ്റ്മോർട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൂർത്തിയായി. ഇന്നലെയാണ് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെത്തിയത്. സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്.തുടർന്ന്, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയതായി സമ്മതിച്ചു. കുഞ്ഞിനെ ആണ്‍സുഹൃത്തിന് കൈമാറിയെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം യുവതി തകഴി കുന്നുമ്മ സ്വദേശിയായ ആണ്‍സുഹൃത്തിനാണ് കൈമാറിയത്. ഇയാള്‍ സുഹൃത്തിനൊപ്പം ചേർന്ന് തകഴി റെയില്‍വേ ക്രോസിന് സമീപം കുന്നുമ്മ ഭാഗത്ത് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തു നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആണ്‍സുഹൃത്തിന് കൈമാറിയതായും മൃതദേഹം ഇയാള്‍ മറവ് ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.