കെ എഫ് സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024ൽ മികച്ച എമർജിംഗ് സ്റ്റാർട്ടപ്പായി ‘കഥ’ ‘

തിരുവനന്തപുരം: മാർക്കറ്റിംഗിൽ സാധാരണ വ്യക്തികളെ ഇൻഫ്ളുവൻസറാക്കി ബ്രാൻഡിംഗ് പരസ്യങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്ന സാദ്ധ്യതകൾ വികസിപ്പിച്ച കേരള സ്റ്റാർട്ടപ്പായ കഥ ആഡ്‌സിനെ ഈ വർഷത്തെ എമർജിംഗ് സ്റ്റാർട്ടപ്പായി കെ എഫ് സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024 തിരഞ്ഞെടുത്തു. 2021 ൽ ആരംഭിച്ച കഥ, കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻക്യൂബേഷൻ പദ്ധതിയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്.

ഇന്ന് നിലനില്‍ക്കുന്ന ബ്രാന്‍ഡ് പ്രമോഷന്‍ സ്ട്രാറ്റജികളിൽ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തിയുടെ സൗഹൃദ വലയത്തിലുള്ളവരാണ് ബ്രാന്‍ഡുകള്‍ക്കായി ഇന്‍ഫ്ളുവന്‍സര്‍മാരായി വാട്സാപ്പ് സ്റ്റാറ്റസിലൂടെ പരസ്യം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഈ മാർക്കറ്റിംഗ് തന്ത്രം ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത് കഥയാണ്. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം കൊണ്ട് തന്നെ കഥ ആഡ്സിന് രണ്ട് കോടിയിലധികം മലയാളികളിലേക്ക് കടന്നു ചെല്ലാനായി. മലയാളികളായ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ 75 ശതമാനത്തെയും നിലവില്‍ കണക്ട് ചെയ്യാനായെന്നും കഥയുടെ അമരക്കാർ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കള്‍ നല്‍കിയ പരസ്യങ്ങള്‍ 30 കോടിയിലധികം പ്രാവശ്യം ആളുകളെ കാണിക്കാൻ കഴിഞ്ഞു. ഇതു വഴി ബ്രാന്‍ഡുകള്‍ക്ക് 35 ലക്ഷത്തിലധികം ഡയറക്റ്റ് എന്‍ഗേജ്മെന്റും നേടാനായിട്ടുണ്ടെന്ന് കഥ സ്ഥാപകൻ ഇഷാൻ മുഹമ്മദ് പറഞ്ഞു.

കഥക്കൊപ്പം നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രീൻ എനർജി സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ അവാർഡും ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഈ വർഷത്തെ സോഷ്യൽ ഇംപാക്ടർ അവാർഡും കോൺക്ലേവിൽ നേടി. പുരസ്‌കാരങ്ങൾ ധനമന്ത്രി കെ എൻ ബാലഗോപാൽ വിതരണം ചെയ്തു. കെ എഫ് സി മാനേജിങ്ങ് ഡയറക്ടർ സഞ്ജയ് കൗൾ ഐ എ എസ്, സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക മുതലായവർ സന്നിഹിതരായിരുന്നു.

ചിത്രം: മികച്ച എമർജിംഗ് സ്റ്റാർട്ടപ്പായി തിരഞ്ഞെടുക്കപ്പെട്ട കഥയുടെ സ്ഥാപകൻ ഇഷാൻ മുഹമ്മദ് ധനമന്ത്രി കെ എൻ ബാലഗോപാലിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × three =