കോട്ടക്കൽ :പറവന്നൂർ ഇ എം എ എൽ പി സ്കൂളിലെ അധ്യാപകനായ സിറാജുദ്ധീൻ വ്യത്യസ്തനാണ്.
ഫുട്ബോൾ താരം, മികച്ച ഓട്ടക്കാരൻ, സംഘാടകൻ, നീന്തൽ പരിശീലകൻ.. വിശേഷണങ്ങൾ ഒട്ടേറെയാണ്. നാട്ടിലെ സെവൻസ് കളിക്കളങ്ങളിൽനിന്ന് പകർന്നു കിട്ടിയ ഫുട്ബോൾ ആവേശം ഒട്ടും ചോരാതെ കളിച്ചും കളി പഠിപ്പിച്ചും സിറാജുദ്ദീൻ മൈതാനങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ജില്ലാ സീനിയർ ഫുട്ബോൾ താരമാണ് സിറാജുദ്ദീൻ. വെറ്ററൻസ് ഫുട്ബോളിൽ പല ടീമുകളിലെയും കളിക്കാരനാണ്. 2023 ൽ ഫിലിപെൻസിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ 50 വയസ്സുള്ളവർക്കായി നടത്തിയ അത് ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു 1500, 5000 മീറ്റർ മത്സരത്തിൽ പങ്കെടുത്തു. സ്കൂളിലെ 3, 4 ക്ലാസിലെ കുട്ടികൾക്കുള്ള വേനൽക്കാല ഫുട്ബോൾ പരിശീലന ക്യാംപിലും കുട്ടികൾക്കായി നീന്തൽപരിശീലകനായും രംഗത്തുണ്ട്. ‘സ്പോർട്സ് അക്കാദമി തിരൂരി’ന്റെ എക്സിക്യൂട്ടീവ് അംഗമാണ്.
ക്ലാസ് മുറിയെന്ന ചട്ടക്കൂടിന് പുറത്തേക്ക് വിദ്യാർഥികൾ സ്വയം തത്‌പരരാകേണ്ടതിന്‍റെ നല്ല പാഠമാണ് അധ്യാപക ദിനത്തിൽ ഈ അധ്യാപകൻ നൽകുന്ന സന്ദേശം. വിദ്യാർഥികൾക്ക് നൂതന ആശയം പകർന്ന് കൊടുക്കുന്നത്.
ഭാര്യ സുരയ്യ ഇതേ സ്കൂളിലെ അധ്യാപികയാണ്. ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ മരുമകനാണ്.