കാസർഗോഡ്: കാസർഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന മണികണ്ഠൻ പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു.
പനിയും വിറയലുമായിരുന്നു ആദ്യഘട്ടത്തില്‍ അനുഭവപ്പെട്ടത്. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നാണ് യുവാവിന് രോഗം ബാധിച്ചതെന്ന് പ്രാഥമികമായി മനസിലാക്കുന്നത്. കൂടുതല്‍ പരിശോധനകളുടെ ആവശ്യമുണ്ട്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.