തിരുവനന്തപുരം: വിനോദ സഞ്ചാരികളേയും ടൂറിസം സംരംഭകരേയും ആകര്‍ഷിക്കാന്‍ നാലു പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി മലേഷ്യയിലെ ടൂറിസം വകുപ്പ്. ടൂറിസം മലേഷ്യ ഒരുക്കുന്ന റോഡ് ഷോയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കമായി. മലേഷ്യന്‍ ഇന്ത്യന്‍ ട്രാവല്‍ ആന്റ് ടൂര്‍സ് അസോസിയേഷനുമായി (MITTA) കൈകോര്‍ത്താണ് ഇന്ത്യയിലുടനീളം റോഡ്‌ഷോകള്‍ സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 25ന് കൊല്‍ക്കത്ത, 27ന് ഭുവനേശ്വര്‍, 30ന് ഗുവാഹത്തി എന്നിവിടങ്ങളിലും ടൂറിസം മലേഷ്യയുടെ റോഡ് ഷോ അരങ്ങേറും. വൈവിധ്യമാര്‍ന്ന ടൂറിസം ഓഫറുകളുമായി ഇന്ത്യയിലെ ട്രാവല്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയും ട്രാവല്‍ ഏജന്റുമാരുമായുള്ള ബന്ധം പരിപോഷിപ്പിക്കുകയുമാണ് റോഡ് ഷോയുടെ ലക്ഷ്യം.
“ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള തന്ത്രപ്രധാന പദ്ധതിയാണ് ഞങ്ങളുടെ റോഡ് ഷോ. മലേഷ്യയുടെ ആകര്‍ഷകമായ സംസ്‌കാരവും, വേറിട്ട അതിഥിസല്‍ക്കാര രീതികളും മനോഹര ഭൂപ്രദേശങ്ങളും വിനോദ സഞ്ചാരികള്‍ക്കായി അവതരിപ്പിക്കും. മലേഷ്യയിലെ ടൂറിസം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിക്കുന്നുവെന്നും ഉറപ്പാക്കും,” ടൂറിസം മലേഷ്യ ഡല്‍ഹി ഡയറക്ടര്‍ അഹ്‌മദ് ജോഹനിഫ് മുഹമ്മദ് അലി പറഞ്ഞു.
മലേഷ്യയിലെ പ്രമുഖരായ 25 ഹോട്ടല്‍ കമ്പനികളും ട്രാവല്‍ ഏജന്റുമാരും ഈ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ ട്രാവല്‍ രംഗത്തുള്ള ബിസിനസുകാര്‍ക്ക് ഇവരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താനും ബിസിനസ് സഹകരണമുണ്ടാക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും വഴിയൊരുക്കും. ആഗോള ട്രാവല്‍ ഡെസ്റ്റിനേഷനുകളില്‍ മലേഷ്യയെ മുന്‍നിരയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വിസിറ്റ് മലേഷ്യ 2026’ എന്ന വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് മുന്നോടി ആയാണ് ഈ റോഡ്‌ഷോകള്‍ സംഘടിപ്പിക്കുന്നത്.
“16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ലഭ്യമായതോടെ മലേഷ്യയിലേക്കുള്ള യാത്ര വളരെ സുഗമമായി. ഈ യാത്രാ സൗകര്യവും എല്ലാ തരം യാത്രാക്കാര്‍ക്കും മലേഷ്യ ഒരുക്കുന്ന മികച്ച വിനോദസഞ്ചാര അനുഭവങ്ങളുമാണ് ഈ റോഡ്‌ഷോയുടെ ഹൈലൈറ്റ്,” ടൂറിസം മലേഷ്യ മുംബൈ ഡയറക്ടര്‍ നോറിയ ജാഫര്‍ പറഞ്ഞു.
കുടുംബസമേതമുള്ള അവധിക്കാലം, റൊമാന്റിക് ഹണിമൂണ്‍, സോളോ ട്രിപ്പ്, പൈതൃക യാത്ര തുടങ്ങി ഏതു തരം യാത്രാക്കാര്‍ക്കും പ്രായക്കാര്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ടൂറിസം അവസരങ്ങളാണ് മലേഷ്യയിലുള്ളത്. “മലേഷ്യയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകവും ആധുനിക ആകര്‍ഷണങ്ങളുമാണ് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് പറ്റിയ ഇടമാക്കി മലേഷ്യയെ മാറ്റുന്നത്. ഈ റോഡ്‌ഷോയിലൂടെ ഞങ്ങളുടെ സവിശേഷ യാത്രാ അനുഭവങ്ങളും അതിഥിസല്‍ക്കാരവും കൂടുതല്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുകയാണ്,” ടൂറിസം മലേഷ്യ ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ ശഹരിം താന്‍ പറഞ്ഞു.
മലേഷ്യ എയര്‍ലൈന്‍സ്, ബാതിക് എയര്‍, എയര്‍ ഏഷ്യ, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ക്കു പുറമെ സര്‍വീസ് പുനരാരംഭിച്ച എയര്‍ ഇന്ത്യയുടെ സാന്നിധ്യവും ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് മലേഷ്യയിലേക്കുള്ള യാത്രാ സൗകര്യം മികച്ചതാക്കുന്നു. “ടൂറിസം മലേഷ്യയുമായുള്ള സഹകരണവും മലേഷ്യയിലെ ട്രാവല്‍ ബിസിനസുകാരുമായുള്ള ബന്ധവും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ലഭ്യമായ മികച്ച അവസരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. മലേഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ടൂറിസം ബന്ധം മെച്ചപ്പെടുത്താന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും,” മലേഷ്യന്‍ ഇന്ത്യന്‍ ട്രാവല്‍ ആന്റ് ടൂര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ദാത്തോ അരുള്‍ദാസ് എ. പറഞ്ഞു.