ഓയൂർ: കടം കൊടുത്ത പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അയല്‍വാസിയെ കുത്തിപരിക്കേല്പിച്ച പ്രതി പിടിയിലായി.പൂയപ്പള്ളി മുള്ളുകാട്ടില്‍ വാടകക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര ആരാധന ഭവനില്‍ വീനീതിനെ (27) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതിന്റെ തൊട്ടടുത്ത വീട്ടില്‍ വാടകക്ക് താമസിക്കുന്ന ലാലു (ബേബി) വിനെയാണ് മൂർച്ചയുള്ള ആയുധമുപയോഗിച്ച് വയറ്റില്‍ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ലാലു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. ഇരുവരും കുടുംബസമേതമാണ് വാടകവീട്ടില്‍ താമസിക്കുന്നത്. മദ്യപാനശീലമുള്ള വിനീത് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുഖത്തലയില്‍ നിന്ന് വീട്ടുകാരുമായി പിണങ്ങി പൂയപ്പള്ളിയില്‍ താമസിക്കുന്ന ഇയാള്‍ മിക്ക ദിവസങ്ങളിലും നാട്ടുകാരുമായി വഴക്കുണ്ടാക്കുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.ഒളിവില്‍ പോയ വിനീതിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത് .