മംഗളൂരു: ഹണിട്രാപ്പില്‍പ്പെടുത്തി ബ്ലാക്ക് മെയിലിംഗിനു വിധേയനായ മംഗളൂരുവിലെ വ്യവസായിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വ്യവസായ പ്രമുഖനും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായ മുംതാസ് അലിയുടെ (52) മൃതദേഹമാണ് കുളൂരിനു സമീപം ഫല്‍ഗുനി നദിയില്‍ കണ്ടെത്തിയത്. മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മൊഹിയുദ്ദീൻ ബാവയുടെ സഹോദരനാണ്.
ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് അലി വീട്ടില്‍ നിന്നിറങ്ങിയത്. ഇദ്ദേഹത്തിന്‍റെ കാർ പിന്നീട് കുളൂർ പാലത്തിന് സമീപം അപകടത്തില്‍പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പേ ഉള്‍പ്പെടെയുള്ളവർ ഒരുദിവസം മുഴുവൻ നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയാണ് പുഴയില്‍നിന്നു മൃതദേഹം കണ്ടെടുത്തത്. യാത്രാമധ്യേ കാർ ഒരു ബസില്‍ ഇടിച്ചിരുന്നതായും ബസ് ഡ്രൈവറോടു ക്ഷമാപണം നടത്തിയശേഷം മുംതാസ് അലി വീണ്ടും കാർ തിരിച്ച് കുളൂർ പാലത്തിനു സമീപത്തേക്കു പോകുകയായിരുന്നുവെന്നും ഇതിനിടെ കണ്ടെത്തിയിരുന്നു. താൻ കടുത്ത മാനസികപീഡനം അനുഭവിക്കുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അലി തന്‍റെ മകള്‍ക്കും ഒരു സുഹൃത്തിനും വാട്സാപ്പില്‍ അയച്ച ശബ്ദസന്ദേശങ്ങളും പോലീസിനു ലഭിച്ചിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ പേരുകളും ഇതില്‍ പറഞ്ഞിട്ടുണ്ട്.
മുംതാസ് അലിയുടെ മറ്റൊരു സഹോദരൻ ഹൈദർ അലി നല്കിയ പരാതിയില്‍ റഹ്മത്ത്, അബ്ദുല്‍ സത്താർ, ഷാഫി, മുസ്തഫ, ഷുഹൈബ്, സിറാജ് എന്നിങ്ങനെ ആറു പേർക്കെതിരേ പോലീസ് കേസെടുത്തു.