ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലുള്ള രണ്ടു സൈബര്‍ തട്ടിപ്പ് കേസുകളിലായി കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേര്‍ അറസ്‌റ്റില്‍.ആലപ്പുഴ മാന്നാറിലുള്ള മുതിര്‍ന്ന പൗരന് 2.67 കോടി രൂപ നഷ്‌ടപ്പെട്ട സംഭവത്തില്‍ കൊടുവള്ളി മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ പടിഞ്ഞാറെ തൊടിയില്‍ മുഹമ്മദ് മിസ്‌ഫിര്‍ (20), വെണ്‍മണിയിലെ യുവാവിന് 1.3 കോടി നഷ്‌ടപ്പെട്ട സംഭവത്തില്‍ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടോട്ടുപൊയില്‍ ജാബിര്‍ (19) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
മുതിര്‍ന്ന പൗരനില്‍നിന്നു പണം തട്ടിയ സംഭവത്തില്‍ ആലപ്പുഴ സൈബര്‍ പോലീസ് സ്‌റ്റേഷനിലാണു കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇൗ കേസില്‍ ഇതുവരെ എട്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വെണ്‍മണിയിലെ യുവാവിന് പണം നഷ്‌ടപ്പെട്ട സംഭവത്തില്‍ വെണ്‍മണി പോലീസാണു കേസെടുത്തത്. ഈകേസിലെ പ്രതി ജാബിര്‍ തന്റെ ഉമ്മയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ പിന്‍വലിപ്പിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറുകയായിരുന്നു.
ആലപ്പുഴ ജില്ലാ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി. സുനില്‍രാജ് എയുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അഗസ്‌റ്റിന്‍ വര്‍ഗീസ്, സുധീര്‍ എ, എ.എസ്.ഐ. ഹരികുമാര്‍, എസ്.സി.പി.ഒ. ബൈജു മോന്‍, സി.പി.ഒ. നസീബ് എന്‍ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് കൊടുവള്ളിയില്‍നിന്ന് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.