ശരീഫ് ഉള്ളാടശ്ശേരി.
കൽപറ്റ:രാഹുൽ ഗാന്ധി രാജിവെക്കുന്ന ഒഴിവിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട്. രാഹുലിന്റെ വയനാട്. ഇതോടെ പൂർവാധികം ആവേശത്തിലാണ് വയനാട്ടിലെ വോട്ടർമാർ.
കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് രാജിവെച്ചത്തോടെയാണ് പ്രിയങ്ക വയനാട്ടിൽ മത്സരിക്കാൻ തയാറായത്. ആദ്യമായാണ് പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദർശിച്ചു.
കൂറ്റന്‍ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്നാണ് പരിപാടിയില്‍ പ്രിയങ്ക പറഞ്ഞത്. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം. ഈ അവസരം തന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയോടും അധ്യക്ഷന്‍ ഖര്‍ഗെയോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ചിരുന്നു. വയനാടിന്റെ നഷ്ടം നേരിട്ടറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരെ നേരിട്ട് കണ്ടു. വലിയ ദുരന്തത്തെ അവര്‍ നേരിട്ടത് തികഞ്ഞ ധൈര്യത്തോടെയാണ്. ആ ധൈര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണ്. വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഢമാക്കും’, പ്രിയങ്ക പറഞ്ഞു.