തിരുവനന്തപുരം :ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് (SCTIMST), ബയോമെഡിക്കൽ ടെക്നോളജിയുമായി ബന്ധപ്പെട്ട “ട്രാൻസ്മെഡ്‌ക്-2024” എന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു.
മെഡിക്കൽ ടെക്നോളജി ഗവേഷണഫലങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിലെ പുരോഗതികളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന “ട്രാൻസ് മെഡ്ക-2024 കോൺഫറൻസ് 2024 ഡിസംബർ 12-14 ദിവസങ്ങളിൽ ഹോട്ടൽ ഡിമോറയിൽ നടക്കും. സൊസൈറ്റി ഫോർ ടിഷ്യൂ എഞ്ചിനീയറിംഗ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ (ഇന്ത്യ), സൊസൈറ്റി ഫോർ ബയോമെറ്റീരിയൽസ് ആൻഡ് ആർട്ടിഫിഷ്യൽ ഓർഗൻസ് (ഇന്ത്യ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലും വിദേശത്തും ഉള്ള പ്രഗത്ഭരായ അക്കാദമിക് വിദഗ്ഗർ, ഗവേഷകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, വ്യവസായികൾ എന്നിവരുൾപ്പെടെ 300-ഓളം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ആരോഗ്യപരിരക്ഷയ്ക്ക് മുതൽക്കൂട്ടാവുന്ന മെഡിക്കൽ സാങ്കേതികവിദ്യകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കും. ടിഷ്യു എഞ്ചിനീയറിംഗ്, 3D ബയോ പ്രിൻറിംഗ്, ഇൻവിട്രോ ഡയഗ്‌നോസ്റ്റിക്‌സ്, റീജനറേറ്റീവ് മെഡിസിൻ, മെഡിക്കൽ ഡിവൈസ് ഇമ്പ്ലാൻറ് സാങ്കേതികവിദ്യ എന്നിവയിലെ മുന്നേറ്റങ്ങളും ഭാവിയിലേക്കുള്ള ആസൂത്രണങ്ങളും കോൺഫറൻസ് സെഷനുകളിൽ ചർച്ച ചെയ്യപ്പെടും.