ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ വിശമായ അന്വേഷണം വേണം, ഇന്ത്യയുടെ ഭൂപടം തെറ്റായി അടിച്ചത് പൊതുവിദ്യാഭ്യാസ മേഖലയിൽ ദേശവിരുദ്ധരുടെ സാന്നിധ്യം സൂചിപ്പിക്കുന്നു – പി എസ് ഗോപകുമാർ

തിരുവനന്തപുരം: ഔന്‍പതാം ക്‌ളാസിലെ സാമൂഹ്യപാഠം ചോദ്യപേപ്പറില്‍ ഇന്ത്യയുടെ ഭൂപടം വികലമായി ഉള്‍പ്പെടുത്തിയ സംഭവം ദേശീയ അന്വേക്ഷണ ഏജന്‍സി അന്വേഷിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ആവര്‍ത്തിച്ച് ചോരുന്നതില്‍ വിശദമായ അന്വേക്ഷണം വേണമെന്നും ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍. എസ്‌സിഇആര്‍ടി ഓഫീസിന് മുന്നില്‍ ദേശീയ അധ്യാപക പരിഷത്ത് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖലയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുന്ന തരത്തില്‍ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് പരീക്ഷയില്‍ ഒമ്പതാം ക്‌ളാസിലെ സാമൂഹ്യപാഠം പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങള്‍ പലതുമില്ലാത്ത ഭൂപടമാണ് കുട്ടികളുടെ കൈയ്യിലേക്ക് കിട്ടിയത്. ജമ്മുകാശ്മീര്‍, അരുണാചല്‍ പ്രദേശ്, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇവയൊന്നും ഭൂപടത്തിലില്ല. ശിഥിലമാക്കപ്പെട്ടതും വികലമാക്കപ്പെട്ടതുമായ ഭൂപടമാണ് ഈ നാട്ടിലെ പൊതുവിദ്യാലയങ്ങളിൽ ഒമ്പതാം ക്‌ളാസില്‍ പഠിക്കുന്ന നാല് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു അച്ചടിച്ചു നല്‍കിയത്. ഇത് വിദ്യഭ്യാസ വകുപ്പ് ചെയ്ത ഗുരുതരമായ അക്ഷന്തവ്യമായ അപരാധമാണ്. ചേദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരാണോ അതോ അച്ചടി വേളയിലാണോ വികലമായ ഭൂപടം തയ്യാറാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി അച്ചടിച്ചാലുണ്ടാകുന്ന നിയമപരമായ നടപടികളെക്കുറിച്ചും ശിക്ഷാ നടപടികളെക്കുറിച്ചും ബോധമുള്ള അധ്യാപകരറിഞ്ഞുകൊണ്ടാണോ ഇത്തരത്തിലൊരു ഭൂപടം ചോദ്യ പേപ്പറിലുള്‍പ്പെടുത്തിയതെന്നും ഗോപകുമാര്‍ ചോദിച്ചു. രാജ്യവിരുദ്ധമായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്ര അന്വേക്ഷണ ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകണമെന്നും പി.എസ് ഗോപകുമാര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പില്‍ വിഘടനവാദികള്‍ കടന്നു കയറിയിട്ടുണ്ടെന്നുള്ളതിൻ്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പറുകള്‍ ചോരുന്നതും ഇന്ന് നിത്യസംഭവമായി മാറിയിരിക്കുന്നു. പത്താം ക്‌ളാസിലെ ഇംഗ്‌ളീഷ്, കെമിസ്ട്രി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. പരീക്ഷയ്ക്ക് വരാന്‍ പോകുന്ന ചോദ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും വിദ്യാഭ്യാസ വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ചോദ്യ പേപ്പറുകള്‍ യൂട്യൂബ് ചാനലുകളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. ആരാണ് ഇവര്‍ക്ക് ചോദ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എവിടെയാണ് ചോര്‍ന്നതെന്നും എവിടെയാണ് പിഴവ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേക്ഷണം നടത്തണമെന്നും പി.എസ് ഗോപകുമാര്‍ അവശ്യപ്പെട്ടു.
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ സ്മിത അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അനൂപ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആർ ജിഗി, എം ടി സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എ അരുൺ കുമാർ, എ ജെ ശ്രീനി, കെ വി ബിന്ദു, കെ കെ രാജേഷ്, സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറംകോട് ബിജു, മേഖലാ സെക്രട്ടറിമാരായ ജെ ഹരീഷ് കുമാർ, എ വി ഹരീഷ് ജില്ലാ പ്രസിഡണ്ട് വി സി അഖിലേഷ്, ജില്ലാ സെക്രട്ടറി ഇ അജിതുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *