ലക്നോ: ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ സോൻബർസ മാർക്കറ്റ് പ്രദേശത്താണ് ദാരുണ സംഭവം ഉണ്ടായത്.ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. എയിംസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന സ്ഥലം.11 കെവി ലൈൻ ഇവർക്ക് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. ലൈൻ പൊട്ടിവീണ് നിമിഷങ്ങള്‍ക്കകം ബൈക്കിന് തീപിടിച്ചു.യുവാവിനെയും രണ്ട് കുട്ടികളെയും രക്ഷിക്കാനായില്ല. ശിവ് രാജ് നിഷാദ്(24), മകള്‍ ശിവ് മംഗല്‍ (നാല്), ബന്ധുവായ കീർത്തി (13) എന്നിവരാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. മൂവരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.