ഷാര്‍ജ: അല്‍ ദൈദ് റോഡില്‍ കനത്ത മഴക്കിടെ വാഹനം മറിഞ്ഞ് 12 വയസ്സുകാരനായ ഇമാറാത്തി ബാലൻ മരിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ചെറിയ പരിക്കേറ്റു. കനത്ത മഴക്കിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വാഹനം പലതവണ മറിഞ്ഞു. അപകടത്തിന്‍റെ ശക്തിയില്‍ വാഹനത്തില്‍നിന്ന് തെറിച്ചുവീണാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റത്. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ആംബുലൻസില്‍ പരിക്കേറ്റവരെ അല്‍ ദൈദ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മഴയില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ജാഗ്രതയുണ്ടാകണമെന്നും വേഗപരിധി പാലിക്കണമെന്നും ഷാര്‍ജ പൊലീസ് അധികൃതര്‍ പൊതുജനങ്ങളോട്ആവശ്യപ്പെട്ടു.