ഉത്തർപ്രദേശ് : വീടിനുള്ളില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും ബന്ധുവിനും ഒരു സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം. ശക്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്നും വീടിന്റെ ചുമരുകളും കോണ്‍ക്രീറ്റ് സ്ലാബും ഉള്‍പ്പടെ തകര്‍ന്നതായും പൊലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച ഒമേന്ദ്രയുടെ കഴുത്തിനും മുഖത്തും നെഞ്ചിലും സാരമായ പരുക്ക് പറ്റിയിരുന്നു. ഒമേന്ദ്രയും അമ്മയും ഒരു ബന്ധുവും ഒമേന്ദ്രയുടെ സുഹൃത്ത് കരണുമാണ് സംഭവ സമയം മുറിയില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒമേന്ദ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ശക്തമായ സ്‌ഫോടന ശബ്ദത്തോടെയാണ് ടിവി പൊട്ടിത്തെറിച്ചതെന്ന് വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്ന കുടുംബാംഗം പറഞ്ഞു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ പുക ഉയരുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ സ്ത്രീ പ്രതികരിച്ചു. വലിയ ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങി. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം എന്നാണ് കരുതിയത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുത്ത വീട്ടില്‍ നിന്ന് പുക ഉയരുന്നതാണ് കണ്ടതെന്നും അയല്‍വാസി പറഞ്ഞു.