ത്യശൂർ: ചാവക്കാട് നഗരമധ്യത്തില്‍ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടാകുന്നത്.കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന അസീസ് ഫൂട്ട്‌വെയർ, ടിപ്പ് ടോപ്പ് ഫാൻസി ഷോപ്പ് എന്നീ കടകളും മറ്റൊരു തുണിക്കടയും കത്തിനശിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കടകളില്‍ നിന്നും വൈദ്യുതി കേബിളുകളിലേക്കും തീ പടർന്നു കയറി.കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിനുള്ളില്‍ നിന്നും തീ ആളി കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിച്ചു.