കുട്ടിക്കാനം: ഇടുക്കിയില്‍ രണ്ടിടത്ത് ഓട്ടത്തിനിടെ കാറിനു തീപിടിച്ചു കത്തി നശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ രണ്ടപകടങ്ങളിലും ആളപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞു കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം റേഞ്ച് ഓഫിസിനു സമീപം ആണ് ഒരു അപകകടം ഉണ്ടായത്. ഇവിടെ വിനോദസഞ്ചാരത്തിനെത്തിയ ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിച്ചു.കോട്ടയം കഞ്ഞിക്കുഴി സ്വദേശിഅനില്‍ ഡിസൂസയും കുടുംബവുമാണു കാറിലുണ്ടായിരുന്നത്. തക്ക സമയത്ത് പുറത്തിറങ്ങിയതിനാല്‍ ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം രാജാക്കാട്ടുള്ള ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയാണു കാറിനു തീപിടിച്ചത്. വാഹനത്തിന്റെ മുന്‍ഭാഗത്തു നിന്നു പുക ഉയരുന്നതു കണ്ട് ഇവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.മൂന്നാറില്‍ നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തിയെങ്കിലും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.കട്ടപ്പനകുട്ടിക്കാനം റൂട്ടില്‍ കുട്ടിക്കാനം മരിയന്‍ കോളജിനു സമീപമാമ് മറ്റൊരു അപകടം നടന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിക്കുക ആയിരുന്നു.വാഹനത്തിനുള്ളില്‍ നിന്നു പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ വെളിയിലിറക്കിയതിനാല്‍ അപകടം ഒഴിവായി. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും കത്തിനശിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബമാണു വാഹനത്തിലുണ്ടായിരുന്നത്. ആലപ്പുഴ വഴി കുട്ടിക്കാനത്ത് എത്തിയ ഇവര്‍ വാഗമണ്ണിലേക്കുള്ള യാത്രയിലായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണു തീപിടിക്കാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം.