സുല്‍ത്താൻ ബത്തേരി: മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ രാത്രിയില്‍ റോഡില്‍ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും സ്വർണ മോതിരവും മാലയും കവരുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ മൈസൂരിവില്‍നിന്ന് പിടികൂടി.ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടില്‍ പി.കെ. അജ്മല്‍ (24), തിരുനെല്ലി, ആലക്കല്‍ എ.യു. അശ്വിൻ (23), പള്ളിക്കണ്ടി ചെരിവ് പുരയിടത്തില്‍ അമൻ റോഷൻ (23), നൂല്‍പ്പുഴ കല്ലുമുക്ക് കൊടുപുര മുഹമ്മദ് നസീം (26) എന്നിവരെയാണ് ബത്തേരി എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോളിയാടി സ്വദേശി കെ.എ. നിഖിലിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.