ചെറുതോണി: വീട്ടുകാര്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്‌ടിച്ച കേസില്‍ വീട്ടുടമസ്‌ഥന്റെ ഇളയ സഹോദരന്‍ പിടിയില്‍.രാജമുടി പതിനേഴു കമ്പനി മണലേല്‍ അനില്‍ കുമാര്‍ (57) ആണ് അറസ്‌റ്റിലായത്.രാജമുടി മണലേല്‍ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. തീര്‍ഥാടത്തിനിടെ മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വിശ്വനാഥന്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. സഹോദരനും കുടുംബവും തീര്‍ഥയാത്ര പോയതോടെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്ന പ്രതി അലമാരയിലെ വസ്‌ത്രങ്ങള്‍ വാരിവലിച്ചിട്ടശേഷം കുരുമുളകു മോഷ്‌ട്ടിക്കുകയായിരുന്നു. മോഷ്‌ടിച്ച കുരുമുളക് ഇയാള്‍ തോപ്രാംകുടിയിലെ കടയില്‍ വിറ്റിരുന്നു. മോഷണമുതല്‍ പോലീസ് കണ്ടെടുത്തു.
ഇടുക്കിയില്‍നിന്നു വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പ്രതിയിലേയ്‌ക്ക് അന്വോഷണo നീളുകയായിരുന്നു. മണം പിടിച്ച ഡോഗ് അനിലിന്റെ വീടുവരെയെത്തി. വീട്ടുകാരേക്കുറിച്ച് വ്യക്‌തമായി അറിവുള്ള ആരെങ്കിലുമായിരിക്കും പ്രതിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണം.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുണ്‍, അനീഷ്, മരുമക്കളായ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്കു ക്ഷേത്ര ദര്‍ശനത്തിനു പോയത്. മടങ്ങവെ ചിന്നാറിലെത്തിയപ്പോള്‍ മോഷണം നടന്ന വിവരം ബന്ധുക്കള്‍ വിശ്വനാഥനെ വിളിച്ചറിയിച്ചു. ഇതുകേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.