കോട്ടയം: കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍.പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍ അനീഷ് ഭവനത്തില്‍ അനീഷ് ആന്‍റണിയാ(26)ണു പിടിയിലായത്. രക്ഷപ്പെട്ട മുഖ്യപ്രതി കലഞ്ഞൂര്‍ സ്വദേശിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പറഞ്ഞു. രണ്ട് ദിവസം ധനകാര്യ സ്ഥാപനത്തിനുള്ളില്‍ താമസിച്ചായിരുന്നു കവര്‍ച്ച. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആര്‍. പരമേശ്വരന്‍ നായരുടെ സുധാ ഫൈനാന്‍സില്‍ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായിരുന്നു മോഷണം. ഏഴിന് രാവിലെ ഫിനാന്‍സ് തുറക്കാനെത്തിയപ്പോഴാണു പരമേശ്വരന്‍ നായര്‍ മോഷണവിവരമറിഞ്ഞത്. അഞ്ച്, ആറ് തീയതികള്‍ ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സ്ഥാപനം അവധിയായിരുന്നു.ഇത് മനസിലാക്കിയ പ്രതികള്‍ നാലിന് രാത്രിയോടെ ഷട്ടര്‍ തകര്‍ത്ത് സ്ഥാപനത്തിനുള്ളില്‍ കയറി രണ്ട് ദിവസത്തിനുള്ളില്‍ കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ നേരത്തെ കവര്‍ച്ച നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടുവച്ചശേഷം എത്തുകയായിരുന്നു. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ രാത്രികളിലായാണ് മോഷണം നടത്തിയതെന്നാണു കരുതുന്നത്.