വൈപ്പിൻ: വനിത ഓട്ടോ ഡ്രൈവറായ കുഴുപ്പിള്ളി തച്ചാട്ടുതറ ജയ(47)യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി ചാത്തങ്ങാട് ബീച്ചിലിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജയയുടെ അയല്‍വാസിയും അടുത്ത ബന്ധുവുമായ യുവതി ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍.കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട്തറ വീട്ടില്‍ സജീഷിന്‍റെ ഭാര്യ പ്രിയങ്ക (30), സജീഷിന്‍റെ സുഹൃത്ത് നായരമ്പലം വെളിയത്താംപറമ്പ് കിഴക്ക് മയ്യാറ്റില്‍ വീട്ടില്‍ വിഥുൻദേവ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഗൂഢാലോചനയിലെ കണ്ണികളാണ്.
വിഥുൻദേവാണ് പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡില്‍ ജയയെ ക്വട്ടേഷൻ സംഘത്തിനു രഹസ്യമായി കാണിച്ചു കൊടുത്തത്. പ്രിയങ്കയുടെ ഭർത്താവായ സജീഷാണ് ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരൻ. ഇയാളും കൃത്യം നിർവഹിച്ച മൂന്നംഗ ക്വട്ടേഷൻ സംഘവും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ജയയും പ്രിയങ്കയുമായുള്ള അതിർത്തി തർക്കവും പ്രിയങ്കയ്ക്കുംഭർത്താവിനുമെതിരെ ജയ അപവാദ പ്രചരണം നടത്തുന്നുവെന്ന തെറ്റിദ്ധാരണ മൂലമുള്ള വൈരാഗ്യവുമാണ് ക്വട്ടേഷൻ നല്‍കാൻ കാരണമായതെന്ന് അറസ്റ്റിലായ പ്രിയങ്ക പോലീസിനോട് പറഞ്ഞു.
കൊലപ്പെടുത്താനായിരുന്നത്രേ പദ്ധതി. എന്നാല്‍ ജയയുടെ ഒച്ചകേട്ട് ചാത്തങ്ങാട് ബീച്ചില്‍ ഉറങ്ങിക്കിടന്ന യുവാവ് ഉണർന്ന് എത്തിയതോടെ കൃത്യം പൂർത്തിയാക്കാതെ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.