കോതമംഗലം: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈട്ടിത്തടികള്‍ സംരക്ഷിത വനത്തില്‍നിന്ന് മുറിച്ചുകടത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി.മുഖ്യ പ്രതിയെ പിടികൂടാനായില്ല. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ കോതമംഗലത്തു നിന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് നഗരംപാറ സ്റ്റേഷൻ പരിധിയില്‍പ്പെടുന്ന വണ്ണപ്പുറത്തിനു സമീപം വെണ്‍മണി ഭാഗത്തെ സംരക്ഷിത വനത്തില്‍നിന്ന് മൂന്നുമാസം മുൻപാണ് പ്രതികള്‍ മൂന്ന് ഈട്ടിമരം മുറിച്ചുകടത്തിയത്.ഇടുക്കി പുളിക്കക്കത്തൊട്ടി പട്ടയകുടി സ്വദേശികളായ തെക്കേല്‍ സാം ജോണ്‍ (30), മങ്ങാട്ട് ബൈജു ജോസഫ് (43), വെണ്‍മണി വരിക്കമുത്തൻ തൈക്കൂട്ടത്തില്‍ ടി.കെ. ഷാജി (42), വെണ്‍മണി പാലപ്ലാവ് കുഴിമുണ്ടയില്‍ കെ.ആര്‍. രാജേഷ് (36), പാലപ്ലാവ് തേരയില്‍ ടി.ടി. മനോജ് (40) എന്നിവരാണ് അറസ്റ്റിലായത്. തടി മുറിച്ചുകടത്താൻ ഉപയോഗിച്ച മിനി ലോറിയും കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി ജോമി ഒളിവിലാണ്. ജോമിയാണ് ആസൂത്രകനെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
വെണ്‍മണി ഭാഗത്തെ പന്നി ഫാമിനു സമീപം മുറിച്ച് 41 കഷ്ണങ്ങളാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഈട്ടിത്തടിക്ക് പത്ത് ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് വനം അധികൃതര്‍ പറഞ്ഞു. തടികള്‍ നേരത്തേ കണ്ടെടുത്തിരുന്നു.പ്രതികള്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഒളിവില്‍ കഴിയവേ തിങ്കളാഴ്ച കോതമംഗലത്തിനു സമീപം പാലമറ്റത്തു നിന്നു പിടികൂടുകയായിരുന്നു. പ്രതികളില്‍ ചിലര്‍ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.