നരിരിക്കുനി: സ്വര്‍ണക്കടയുടെ പിൻവശത്തെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ചാരിറ്റി പ്രവര്‍ത്തകനും മൂന്ന് കൂട്ടാളികളും കൊടുവള്ളി പൊലീസിന്റെ പിടിയിലായി.നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടില്‍ നിതിൻ കൃഷ്ണൻ (26), പരപ്പൻവീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34), വെളിമണ്ണ ഏലിയപാറമ്മല്‍ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയില്‍ ബിബിൻ (25) എന്നിവരെയാണ് പിടികൂടിയത്. പ്രതികളിലൊരാളായ നിലമ്പൂര്‍ സ്വദേശി നിതിൻ പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനും വ്ലോഗറുമാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ച രണ്ടിന് നരിക്കുനി എം.സി ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരക്കുന്നതിനിടെ ശബ്ദംകേട്ട് ടൗണില്‍ കാവലിനുണ്ടായിരുന്ന ഗൂര്‍ഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊടുവള്ളി പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതികളിലൊരാളായ അമീറിനെ പിടികൂടിയിരുന്നു.ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് നാല്‍വര്‍ സംഘത്തിന്റെ ജ്വല്ലറി കവര്‍ച്ചയുടെ ചുരുളഴിയുന്നത്.