തൊഴില്‍ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളില്‍ അനധികൃതമായി തിരുകിക്കയറ്റി കോടികള്‍ വെട്ടിച്ച സംഭവത്തില്‍ കമ്പനി മാനേജര്‍ അറസ്റ്റില്‍.സ്വകാര്യ റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് തന്റെ ഭാര്യയെ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെടുത്തി 10 വര്‍ഷത്തിലേറെയായി കമ്പനിയെ കബളിപ്പിച്ച് കോടികള്‍ തട്ടിയത്.അസാധാരണ കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ നല്‍കുന്ന മാന്‍പവര്‍ഗ്രൂപ്പ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയിലെ മാനേജരാണ് തട്ടിപ്പ് നടത്തിയത്. 2008ല്‍ സ്ഥാപനത്തില്‍ അസി. മാനേജരായി (ഫിനാന്‍സ്) ജോലിയില്‍ പ്രവേശിച്ച രാധാബല്ലവ് നാഥിനെതിരെയാണ് പരാതി. ഇയാള്‍ പിന്നീട് മാനേജര്‍ (ഫിനാന്‍സ്) ആയി സ്ഥാനക്കയറ്റം നേടി. കമ്പനിയുടെ ചെലവില്‍ തന്റെ ജോലിയില്ലാത്ത ഭാര്യക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കാന്‍ ഇയാള്‍ പദ്ധതിതയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.