അമ്പലപ്പുഴ: ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് മൂന്നംഗ കുടുംബം. സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംതെറ്റി ലോറിയിലിടിച്ചാണ് ദമ്പതികളും മകനും ദാരുണമായി മരിച്ചത്.പുറക്കാട് പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), ഭാര്യ വിനീത (36), മകന്‍ ആദി എസ്. ദേവ് (12)എന്നിവരാണ് മരിച്ചത്. സൈക്കിള്‍ യാത്രികന്‍ പുന്നപ്ര പുതുവല്‍ പ്രകാശന്‍ (50), കാല്‍നടക്കാരന്‍ പുറക്കാട് പുതുവല്‍ മണിയന്‍ (65)എന്നിവര്‍ക്ക് പരിക്കേറ്റു. പ്രകാശന്‍റെയും നില ഗുരുതരമാണ്. സുദേവും കുടുംബവും മങ്കൊമ്പ് ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ച ആറോടെ ദേശീയപാതയില്‍ പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസിന് സമീപമായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന കാല്‍നടക്കാരനെ കണ്ട് വെട്ടിച്ച് മാറ്റുന്നതിനിടെ സൈക്കിള്‍, സുദേവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നില്‍പെട്ടു. സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെവന്ന ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ച് സുദേവ് ലോറിക്കടിയില്‍പെട്ട് തല്‍ക്ഷണം മരിച്ചു.