കൊല്ലം ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. വിജേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാഹനത്തില്‍ മുന്നില്‍ ചാടിയായിരുന്നു രാജിയുടെ മരണം. കട ബാധ്യത കാരണം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ താമസിക്കുന്ന 38 വയസുകാരി രാജി ഇന്നലെ രാത്രി പത്തരയ്ക്ക് മിനി ബസ്സിന് മുന്നില്‍ ചാടിയാണ് മരിച്ചത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പാന്റ് ഇല്ലാതെ ഭർത്താവ് വിജേഷിന്റ് ഷർട്ട് അരയില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ വിജേഷിനായി തെരച്ചില്‍ നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.വിളക്കുടി ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവില്‍ രാജിയുടെ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാമ്ബത്തിക ബാധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടില്‍ നിന്ന് പൊലീസിന് കിട്ടി. വിജേഷിന്റെ മൃതദേഹത്തിനരികില്‍ നിന്ന് വസ്തു പ്രമാണം അടങ്ങിയ ഫയലും മൊബൈല്‍ ഫോണും കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടന്നാണ് ബന്ധുക്കളുടെ ആരോപണം. പണം കടം വാങ്ങാനെന്ന പേരിലാണ് രാജി വീടുവിട്ടിറങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.