ബംഗളൂരു: തുമകുരുവില്‍ മൂന്നു കുട്ടികളുള്‍പ്പെടെ അഞ്ചംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തുമകുരു സദാശിവനഗര്‍ സ്വദേശി ഗരീബ് സാബ് (36), ഭാര്യ സുമയ്യ (32), മക്കളായ ഹാജിറ (14), മുഹമ്മദ് ഷബാൻ (10), മുഹമ്മദ് മുനീര്‍ (എട്ട്) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി മരണം നടന്നതായാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.ഗരീബ് സാബ് തുമകുരുവില്‍ കബാബ് വില്‍പനക്കാരനാണ്. ഒന്നര ലക്ഷം രൂപ ഗരീബ് സാബ് അയല്‍വാസിയില്‍നിന്ന് കടമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് വിവരം. കേസെടുത്ത തിലക് പാര്‍ക്ക് പൊലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അഞ്ചു മിനിറ്റും 22 സെക്കൻഡും ദൈര്‍ഘ്യമുള്ള വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ട്. കൂടെ രണ്ടുപേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി.