മാലി: മാലദ്വീപിന്റെ തലസ്ഥാനമായ മാലിയില്‍ വിദേശ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം.ഇതില്‍ എട്ട് ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശ് പൗരനുമാണെന്നാണ് വിവരം. ഒരാളുടെ പൗരത്വം തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റു. 28 പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചെന്ന് മാലദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് പറഞ്ഞു. വര്‍ക്ക് ഷോപ്പില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് പ്രഥമിക നിഗമനം.മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ തുടരുകയാണ്.മാവേയോ പള്ളിയ്ക്ക് സമീപം നിരുഫെഹി പ്രദേശത്ത് ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഒരു വാഹന വര്‍ക്ക് ഷോപ്പിന് മുകള്‍ നിലയിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഇവിടം വളരെ ഇടുങ്ങിയതാണെന്നത് അപകടത്തിന്റെ വ്യാപതി കൂട്ടി.ശ്രീലങ്ക,നേപ്പാള്‍,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഇവിടെയുണ്ടായിരുന്നു. ഏകദേശം നാലു മണിക്കൂറിലേറെ സമയം കൊണ്ടാണ് തീ അണച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.