കൊച്ചി : മീൻപിടിത്തത്തിനിടെ വല കാലില്‍ കുരുങ്ങി കടലിലേക്കു വീണ മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തൻതുറ പന്നയ്ക്കല്‍ത്തുരുത്ത് എം.എസ്.നിവാസില്‍ ശൈലജനാണ് (58) മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അഭിമന്യു എന്ന വള്ളത്തില്‍ രാവിലെ കടലില്‍ പോയതാണ് ശൈലജൻ അടങ്ങുന്ന സംഘം. റിങ് വല കടലിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നതിനിടെ വല കാലില്‍ കുരുങ്ങി വെള്ളത്തില്‍ വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ ചാടി ശൈലജനെ കടലില്‍നിന്ന് വള്ളത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കരയില്‍ കൊണ്ടുവന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചശേഷം മേല്‍നടപടികള്‍ സ്വീകരിച്ചു. നേരത്തേ ബോട്ടില്‍ മീൻപിടിക്കാൻ പോയിരുന്ന ശൈലജൻ 10 വര്‍ഷമായി ഇടത്തരം വള്ളത്തിലാണ് മീൻപിടിത്തത്തിനു പോകുന്നത്.