ചാലക്കുടി: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്കേറ്റു. മലക്കപ്പാറയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ മാറി വാല്‍പ്പാറ റൂട്ടിലുള്ള പന്നിമേട് ഫാക്ടറി ഡിവിഷനില്‍ ജോലി ചെയ്യുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ബിപിയയുടെയും ഗീതയുടെയും മകനായ ആകാശിനു നേരേയാണു പുലിയുടെ അക്രമണമുണ്ടായത്.ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം. അമ്മ ഗീതയും ആകാശും പുഴയിലേക്ക് വസ്ത്രം അലക്കുന്നതിനായി പോകുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്നു പുലി ചാടി വീഴുകയായിരുന്നു. കുട്ടിയുടെ കൈയിലാണു പുലി പിടിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ബഹളംവച്ച് കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയെ വിട്ട് പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.