കളമശ്ശേരി: മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്‍റെ വീട്ടില്‍ കയറി അതിക്രമം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടസംഘത്തെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.എരുമത്തല നാലാംമൈല്‍ നീരിയേലില്‍ വീട്ടില്‍ ഫൈസല്‍ പരീത് (38), ചെമ്ബറക്കി സൗത്ത് വാഴക്കുളം തച്ചേരില്‍ വീട്ടില്‍ ജോമിറ്റ് (34), തേവക്കല്‍ സ്വദേശികളായ താന്നിക്കോട് വീട്ടില്‍ വിപിൻ (32), വടക്കേടത്ത് വീട്ടില്‍ വി.എസ്. ആനന്ദ് (36), വളവില്‍ വീട്ടില്‍ വിനീത് (36) എന്നിവരാണ് അറസ്റ്റിലായത് .കളമശ്ശേരിയില്‍ തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ഭിന്നശേഷിക്കാരനും കിടപ്പുരോഗിയുമായ പള്ളിലാംകരയില്‍ പ്ലാത്താഴത്ത് സുരേഷിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടുകാരെ ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ശേഷം വാഹനത്തില്‍ കടന്നുകളഞ്ഞു.പരിക്കേറ്റ സുരേഷിന്‍റെ മക്കളായ സഞ്ജയ് (22), സൗരവ് (23) എന്നിവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളിലൊരാളുടെ സുഹൃത്തിന്‍റെ സഹോദരിയെ പരിക്കേറ്റവരുടെ വീട്ടില്‍ താമസിപ്പിച്ചു എന്നതായിരുന്നു അക്രമത്തിന് കാരണമായി പൊലീസ് പറഞ്ഞത്.സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പെരുമ്പാവൂര്‍ ഭാഗത്തേക്ക് കടന്നതായി മനസ്സിലാക്കി. പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം പുക്കാട്ടുപടി ഭാഗത്ത് കണ്ടെത്തി. പൊലീസിനെ കണ്ടപാടെ കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് തേവക്കല്‍ ഭാഗത്തുെവച്ച് തടഞ്ഞുനിര്‍ത്തി.അറസ്റ്റിന് ശ്രമിക്കുന്നതിനിടെ അക്രമാസക്തരായ പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.