നെടുമ്പാശേരി: കൊച്ചി അന്താരാഷ‌്ട്ര വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പ്രധാന റണ്‍വേയില്‍നിന്ന് അഞ്ചു മീറ്റര്‍ അകലത്തിലാണ് ഹെലികോപ്റ്റര്‍ മൂക്കുകുത്തി വീണത്.പരിക്കേറ്റ പൈലറ്റ് സുനില്‍ ലോട്‌ലയെ (26) അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിത്തം ഉണ്ടാകാതിരുന്നതിനാലാണ് വന്‍ അത്യാഹിതം ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് 12.25 നായിരുന്നു സംഭവം. അപകടത്തെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ വിമാന സര്‍വീസുകള്‍ ഉച്ചകഴിഞ്ഞ് 2.30 വരെ നിര്‍ത്തിവച്ചു. പരിശീലനപ്പറക്കലിനിടയില്‍ നിയന്ത്രണം വിട്ടാണ് ഹെലികോപ്റ്റര്‍ വീണതെന്ന് പറയുന്നു.കോസ്റ്റ് ഗാര്‍ഡിന്‍റെ കല്ലയം ഹബ്ബില്‍നിന്നു പറന്നുയര്‍ന്ന എഎല്‍എച്ച് ധ്രുവ് മാര്‍ക്ക് മൂന്ന്വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്‍റെ റോട്ടറുകള്‍ക്കും എയര്‍ഫ്രെയിമിനും കേടുപാടുകള്‍ സംഭവിച്ചു. അപകടകാരണം
അന്വേഷിക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.