ബാഗ്‌പഥ്: ഉത്തർ പ്രദേശിലെ ബാഗ്‌പഥില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്.ബാഗ്‌പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്‌ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ തെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ പുകയും പ്രദേശത്തുണ്ടായി.
തീ ആളിപ്പടർന്നതോടെ വലിയ അങ്കലാപ്പാണ് സ്ഥലത്തുണ്ടായത്. 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന. നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.ഡല്‍ഹിയില്‍ ആശുപത്രിയില്‍ തീപിടിത്തമുണ്ടായി ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച അപകടത്തിന്റെ ഞെട്ടല്‍ മാറും മുൻപാണ് രാജ്യത്ത് മറ്റൊരു ആശുപത്രിയില്‍ അഗ്നിബാധ ഉണ്ടായത്. കിഴക്കൻ ഡല്‍ഹിയില്‍ വിവേക് നഗറിലെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിരവധി നിയമലംഘനങ്ങള്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.ആശുപത്രിയ്ക്ക് നല്‍കിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.