കൊല്ലം : കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ചാത്തന്നൂരില്‍ ആണ് സംഭവം. മൂന്നര ലക്ഷം രൂപയും മൂന്നര പവന്‍ സ്വര്‍ണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്ത്ലാണ് മോഷണം നടന്ന വീട്. കനകമന്ദിരത്തില്‍ ശ്യാം രാജിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്.
വീടിന്റെ വാതില്‍ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച് മടങ്ങിയെത്തിയപ്പോഴാണ് ശ്യാമിന് മോഷണം നടന്ന കാര്യം മനസിലായത്.
പിന്നാലെ പൊലീസില്‍ പരാതി നല്‍കി. വീടിന് സമീപം സംശയകരമായി കണ്ട രണ്ടു പേരുടെ ചിത്രങ്ങളും ശ്യാം പൊലീസിന് കൈമാറിയിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായത്. ഈയടുത്ത് ജയില്‍ മോചിതരായ തിരിട്ടുഗ്രാമവാസികളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മധുര സ്വദേശി പട്രായി സുരേഷ്, ട്രിച്ചി സ്വദേശി രാജ് കമല്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നും സ്വര്‍ണ്ണവും പണവും പൊലീസ് പിടിച്ചെടുത്തു.