കോട്ടയം: കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം.നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനറി കടയുടെ ഗോഡൗണിനാണ് തീപിടിച്ച് കത്തി നശിച്ചത്. എംഎല്‍ റോഡില്‍ ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ലെറ്റിന് എതിര്‍വശത്തെ ഗോഡൗണിനാണ് ഇന്നു പുലര്‍ച്ചെ 1.15ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന സാധനങ്ങളില്‍ ഏറിയ പങ്കും കത്തി നശിച്ചു. രണ്ട് മണിയോടെ ഭാഗികമായി തീയണച്ചു. മാങ്ങാനത്തു താമസിക്കുന്ന ഈരയില്‍ക്കടവ് സ്വദേശി സുനില്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനാണ് തീ പിടിച്ചത്.സമീപത്തു താമസിക്കുന്ന കെട്ടിട ഉടമയാണ് ഗോഡൗണില്‍നിന്നു തീയും പുകയും ഉയരുന്നതു കണ്ടത്. അഗ്‌നിരക്ഷാസേനയുടെ 4 യൂണിറ്റുകള്‍ എത്തി ഷട്ടറുകള്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ സാധിച്ചില്ല. തുടര്‍ന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു അണയ്ക്കാന്‍ ശ്രമം നടത്തി. സമീപത്തെ കെട്ടിടത്തിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമവും സേന നടത്തി.